ഫലസ്തീനികൾ
- Ashkar Chakkara

- Nov 3, 2023
- 1 min read
അങ്ങ് ദൂരെ
ഫലസ്തീനിൽ ഒരു
കടൽ തിളക്കുന്നുണ്ട്.
മനുഷ്യരക്തം
വീണുണങ്ങിയ ചുവന്ന
മണ്ണിലൂടെ അലിഞ്ഞിറങ്ങിയ
രക്തം പുരണ്ട
മനുഷ്യക്കടൽ.
കൊടും വംശഹത്യയുടെ
ഉറവ വറ്റാത്ത കടൽ.
സയണിസ്റ്റുകളുടെ
കൊടും ക്രൂരതയാൽ
തിങ്ങിനിറഞ്ഞ മനുഷ്യ-
ശരീരത്തിനടിയിലൂടെ
ഒഴുകുന്ന കടൽ .
കടൽ കാണണമെന്ന-
ആഗ്രഹത്താൽ കരയെ
ലക്ഷ്യമാക്കിവരുന്ന
തിരകണ്ട വെള്ള പുതച്ച
മനുഷ്യശരീരങ്ങൾ
തിങ്ങിയ കടൽ.
മൈലാഞ്ചി കരങ്ങളാൽ
പിഞ്ചോമനകൾ കണ്ട
തൻറെ ഉറ്റവരുടെ
ചലനമില്ലാത്ത
ശരീരങ്ങൾക്കരികിലൂടെ
ഒഴുകിയ കടൽ.
തെക്ബീർ ചൊല്ലി ആറടി
മണ്ണിൽ പോലും അടക്കം
ചെയ്യാതെ വന്ന തൻറെ
പിഞ്ചോമനയുടെ
രക്തം പുരണ്ട പുഞ്ചിരിയാൽ
തിരയായി മാറിയ
പലസ്തീനികളുടെ കടൽ.
അഭയം കൊടുത്തു
പ്രാണൻ രക്ഷിച്ചത്
കൊണ്ടായിരിക്കണം
പിറന്ന മണ്ണിലെ
മൂന്ന് പിടി മണ്ണ് പോലും
വിട്ടുകൊടുക്കാതെ
വന്നു കൂടിയ
അഭയാർത്ഥിക്കുമേൽ
സ്വന്തം രക്തം വാർന്നൊലിച്ചിട്ടും
ഉള്ള ജീവനും കൊണ്ടവർ
തൻറെ പിൻഗാമികളുടെ
പാതകാത്തവർ.
ജനിച്ചു വീഴുന്ന ഓരോ-
കുഞ്ഞിനും ധീരതയുടെ
ചൂട്ടുവെളിച്ചം കാണിച്ചവർ
അവർ
ഫലസ്തീനികൾ...
-അഷ്ക്കർ ചക്കര




Comments